2014 ഡിസംബർ 30, ചൊവ്വാഴ്ച

ജന്മദിനം

ജന്മദിനം
മഹത്വം പരമാത്മാവേ
ആകാശങ്ങളിലത്രയും!
നിന്റെസ്വത്വം ഭവിച്ചല്ലോ
മർത്യനായ് യുഗസന്ധിയിൽ!

അല്ലാഹുവേ മഹാത്മാവേ
മഹത്വം; വിണ്ണിലൊക്കെയും!
നിന്റെ സൃഷ്ടി വളർന്നല്ലോ
നരനായ് കാല വേദിയിൽ!

മഹത്വം;ദൈവമേ,അങ്ങേ-
യ്ക്കാകാശങ്ങളി,ലാകെയും!
നിന്റെ പുത്രൻ ജനിച്ചല്ലോ
മർത്യനായ് കാലസന്ധിയിൽ!


കാമമോഹിത ഭാരത്താൽ
പണ്ടേ വീണു തളർന്നവർ
ഞങ്ങൾക്കാലാംബ,മായീടാൻ
ത്യാഗത്തിൻ പൂർണ്ണ കോടിയിൽ
മർത്യജന്മം പ്രഘോഷിക്കു-
മിദ്ദിനം സത്യപൂരിതം!

ഒരു കുഞ്ഞു ജനിക്കുമ്പോൾ
ജനിക്കുന്നതൊരീശ്വരൻ!
കാമചുംബനസർപ്പത്തിൻ
ദംശനമൊഴിവാക്കണേ!
സ്നേഹചുംബന പുണ്യത്തിൻ
ലയമെന്നും പുലർത്തണേ!
ഇതോർത്തു ഹൃദയം തൊട്ടു
നമിക്കാ,മപ്പദങ്ങളിൽ!

നവവർഷം വിടുർത്തട്ടെ
പൂക്കളായി  ദിനങ്ങളെ!
അവയേകും സുഗന്ധത്താൽ
ഹൃദ്യമാകട്ടെ ജീവിതം!

        ----*----

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ