2016 മേയ് 15, ഞായറാഴ്‌ച

ജനാധിപതി

ജനാധിപതി

വന്നു നിത്പ്പൂ ജയം തേടി

പിന്നെയും പേരു താവകം

ശങ്കയില്ലാതെ തന്മേൽ കൈ

തൊട്ടതാണു് പലപ്പൊഴും!

ഇപ്പോളാരു ശ്രമിച്ചീടു-

ന്നതിൻ വെണ്മ കെടുത്തുവാൻ?

കാലം നിങ്ങളെ ശിക്ഷിക്കും

തെല്ലുമേയില്ല സംശയം.

 

വേറാർക്കു സമ്മതം നൽകാ-

നാരുമറ്റൊരു പുണ്യവാൻ?

നാട്ടാരെയറിയില്ലാത്തോ-

രിലക്ഷൻ കാല സിദ്ധനോ?

എതിർവായ തുറക്കായ്‌വാൻ

ആളേക്കൊല്ലുന്ന പാർട്ടിയോ.

തലയില്ലാത്ത വാലായി

പിന്നിലാടുന്ന കൂട്ടരോ,

തലപ്പത്തെത്തിയാൽ പക്ഷേ

തീരും വോട്ടു,മിലക്ഷനും!

 

ജനാധിപത്യമെന്നാളു-

മന്യൂനം നില നിൽക്കണം.

ആകയലേ മനംചൊന്നോ-

രതേ പേരിലമർത്തുക.

ജനാധിപത്യരാജാവാ-

യൊരുമാത്ര ലസിക്കുക!

 

2016 ഏപ്രിൽ 10, ഞായറാഴ്‌ച

ആയുസ്സിന്റെ വഴി

ആയുസ്സിന്റെ വഴി

ആയുസ്സ് നീട്ടുവാൻ വിദ്യ; വയ,റല്പം ചുരുക്കുക! ഊണിൻ നേരം വെറും മൂന്നു് സ്ഫൂണിൻ ചോറു കുറയ്ക്കുക മാറിപ്പോകുന്നു രോഗങ്ങൾ സ്ഥിരമിങ്ങനെ ചെയ്യുകിൽ! വീശും വിശ്വ വിശപ്പിന്നൊ- രാശ്വാസാനന്ദധാരയും

2016 ജനുവരി 10, ഞായറാഴ്‌ച

പുതുവർഷ പ്രവാഹം


അനാദിയാദികാലത്തു്
ഞാനോ നീയോ നിനച്ചുവോ,
ശലഭച്ചിറകുംവീശി
ജനിക്കും നമ്മളൂഴിയിൽ
തേനും പൂമ്പൊടിയും സ്വപ്നം
കണ്ടുമുണ്ടും സ്വദിക്കുവാൻ,
മാത്രകൾക്കൊണ്ടു ദൌത്യങ്ങൾ
പൂർത്തിയാക്കി മടങ്ങുവാൻ.

കുറിച്ചിട്ടുണ്ടകത്താളിൽ
ധർമ്മാധർമ്മവിചിന്തനം:
വാനിലും ഭൂവിലും പുത്തൻ
ഭാവുകങ്ങൾ വിതയ്ക്കുക.
മരം പൂക്കുന്ന രോമാഞ്ചം
തിരിച്ചേകുക ഭൂമിയിൽ.
പൂക്കൾ കായുകളാവട്ടെ,
പാകമാകട്ടെ വിത്തുകൾ.
വിത്തുപൊട്ടി മുളയ്ക്കട്ടെ
വളരട്ടെ തളിർപ്പുകൾ.
ഇതേ ചക്രം കറുങ്ങുമ്പോ-
ളതേ നമ്മുടെ ധന്യത!

ലയിക്കാം പിന്നെ യാത്മാവാ-
യാകാശത്തിൻ പ്രശാന്തിയിൽ!
ആകാശം തറവാടാണു്
ഐശ്വര്യാനന്ദസാഗരം!
അനാദ്യന്ത പ്രവാഹത്തിൻ
കണമായ് പുതുവത്സരം
ഉദിച്ചുനിൽക്കെയർത്ഥിക്കാം
പൂക്കളാകട്ടെ നാളുകൾ.
നന്മ തൻപുണ്യമേവർക്കു-
മാശംസിക്കാം പരസ്പരം!
----*----010116