കാറ്റ്
ഉണങ്ങാൻ വച്ച കുടയോ,
കാറ്റു വന്നു വിളിക്കയിൽ
കുതിച്ചു ചാടിയോടുന്നു
കുതിരക്കുട്ടിയെന്നപോൽ!
ഇതിനേ,ജീവനില്ലെങ്കിൽ
ഓടുന്നെങ്ങെനെ,യിങ്ങനെ?
അഭിന്നം, പ്രാണനും കാറ്റും;
കാറ്റിന്റെ കഥ ജീവിതം!
----*----
ഒത്തുപോകൽ
സത്യവിശ്വാസമെന്നോരോ-
കൂട്ടരും ചൊൽവതൊക്കെയും,
ശൈശവം തൊട്ടു ബോധത്തിൽ
കൂടു കൂട്ടുന്ന പക്ഷികൾ!
സാദ്ധ്യമല്ലവ തൻശബ്ദ-
മൊട്ടും കേൾക്കാതിരിക്കുവാൻ!
ഒത്തു പോകട്ടവയ്ക്കൊപ്പ -
മാടുവാനിഷ്ടമുള്ളവർ!
----*----
നേരു്
ഇടത്തേയ്ക്കോ വലത്തേയ്ക്കോ
ചെരിയാതുര ചെയ്യുവാൻ
വിഷമംതന്നെ,യെന്നാലും
അതാശിക്കുന്നു മാനസം!
മായം ചേർത്തതു കേൾക്കുമ്പോൾ
അതറി,യുന്നൊരിന്ദ്രിയം!
സത്യം ചൊല്ലുകി,ലെപ്പോഴും
സൃഷ്ടിക്കും സ്ഥിരനന്മകൾ
----*----
സംഹിത
വിശ്വാസികളെ രക്ഷിക്കാ-
നുണ്ടായ കുല,മിക്കുലം!
കുലനേതാക്കളാരാദ്ധ്യർ-
തെറ്റില്ലാവര,മുള്ളവർ!
എതിർത്താൽ ലിക്ക്വിഡേഷൻ താ-
നിപ്പോഴും തത്വ സംഹിത!
ജനാധിപത്യ മേലങ്കി
ആർക്കായുള്ളൊരു വേഷമോ?
----*----
ദൈവകണം
ഇരുപത്തേഴു കീമീറ്റർ
വട്ടമുള്ളൊരു നാളിയിൽ
ദൈവത്തിൻ പൊടി,യല്ലെങ്കിൽ
തൻ നിഴൽ കണ്ടുമുട്ടിയോ?
അതിരില്ലാപ്രപഞ്ചത്തി-
ലയുതം കോടി വത്സരം
അന്വേഷിച്ചിട്ടു കിട്ടുന്നോ-
രവ്യക്തം ബിന്ദുവേ നമഃ!
----*----
അഭിപ്രായങ്ങൾ അനുകൂലമോ പ്രതികൂലമോ ആയിക്കൊള്ളട്ടെ,സ്വാഗതം ചെയ്യുന്നു!
മറുപടിഇല്ലാതാക്കൂ